
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയെയാകെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് ബയോ മെഡിക്കൽ മാലിന്യ സംസ്കരണം നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ‘ഇമേജ്’ പദ്ധതി പൂർണ്ണതോതിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതാണ് നിലവിലെ കാരണം. ഇതേത്തുടർന്ന് സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള പുതിയ സാനിറ്ററി മാലിന്യ ശേഖരണം ഇമേജ് താൽക്കാലികമായി നിർത്തിവെച്ചു.
സംസ്ഥാനത്തെ ഇരുപത്തിനാലായിരത്തോളം വരുന്ന ആശുപത്രികൾ, ലാബുകൾ, മറ്റ് അനുബന്ധ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ മാലിന്യങ്ങളാണ് നിലവിൽ ഇമേജ് സംസ്കരിക്കുന്നത്. എന്നാൽ, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ പാലക്കാട് കഞ്ചിക്കോട്ടെ ഒരൊറ്റ പ്ലാന്റ് മാത്രമാണ് നിലവിലുള്ളത്.പ്രതിദിനം 55.8 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ഇപ്പോൾ അതിന്റെ പരമാവധി പരിധിയിലാണ് പ്രവർത്തിക്കുന്നത്.22 വർഷം മുൻപ്, അതായത് 2004-ൽ ഇമേജ് പദ്ധതി ആരംഭിക്കുമ്പോൾ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.
എന്നാൽ ഇന്ന് സ്ഥാപനങ്ങളും അവയിൽ നിന്നുള്ള മാലിന്യങ്ങളും പതിന്മടങ്ങായി വർദ്ധിച്ചിട്ടും, അത് കൈകാര്യം ചെയ്യാൻ പുതിയ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.ഇമേജിന് പുറമെ എറണാകുളം ബ്രഹ്മപുരത്ത് 20 ടൺ ശേഷിയുള്ള ‘കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്’ എന്ന പ്ലാന്റ് കൂടിയുണ്ടെങ്കിലും, കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ഇവ രണ്ടും ഒട്ടും പര്യാപ്തമല്ല.മാലിന്യബാഹുല്യം മുൻകൂട്ടി കണ്ട് ഐ.എം.എ പുതിയ പ്ലാന്റുകൾ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലുകൾ കാരണം പദ്ധതികളെല്ലാം മുടങ്ങുകയായിരുന്നു.
മൂന്നേക്കർ സ്ഥലം വാങ്ങി പ്ലാന്റ് നിർമ്മാണം തുടങ്ങാൻ ഐ.എം.എ ശ്രമിച്ചെങ്കിലും, ചില ചെറുകിട രാഷ്ട്രീയക്കാർ മലിനീകരണ ഭീതി പരത്തി നാട്ടുകാരെ ഇളക്കിവിട്ടതോടെ നിർമ്മാണം തടസ്സപ്പെട്ടു.മുൻപ് പാലോട് വലിയ തുക മുടക്കി സ്ഥലം വാങ്ങിയെങ്കിലും ഭൂമി സംബന്ധമായ പ്രശ്നങ്ങളാൽ നടന്നില്ല. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ എതിർപ്പും പദ്ധതിക്ക് തിരിച്ചടിയായി.പുതിയ രജിസ്ട്രേഷനുകൾ നിർത്തിവെച്ചു””നിലവിലെ സാഹചര്യത്തിൽ പ്ലാന്റുകളുടെ ശേഷി കൂട്ടാൻ കഴിയാത്തതിനാൽ പുതിയതായി തുടങ്ങുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇമേജിൽ രജിസ്ട്രേഷൻ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇതോടെ പുതിയ ആശുപത്രികളും ലാബുകളും മാലിന്യം തള്ളാൻ ഇടമില്ലാതെ വലയുകയാണ്.- ഡോ. പി.വി. കൃഷ്ണകുമാർ,ആശുപത്രി മാലിന്യങ്ങൾക്ക് പുറമെ വീടുകൾ, സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, അനാഥാലയങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള സാനിറ്ററി മാലിന്യങ്ങളും (പ്രതിദിനം 8 മുതൽ 9 ടൺ വരെ) ഇമേജ് ശേഖരിച്ചിരുന്നു. എന്നാൽ പ്ലാന്റുകളിലെ പ്രതിസന്ധി മൂലം പുതിയതായി ഇത്തരം മാലിന്യങ്ങൾ ശേഖരിക്കുന്നത് ഇമേജ് നിർത്തിയിരിക്കുകയാണ്. ഇത് വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
സാനിറ്ററി മാലിന്യങ്ങൾക്കായി പ്രത്യേക ‘ഇൻസിനറേറ്റർ’ സ്ഥാപിക്കാനുള്ള സൗകര്യം ഒരുക്കി നൽകിയാൽ ശേഖരണം പുനരാരംഭിക്കാമെന്ന് മലിനീകരണ നിയന്ത്രണ ബോർഡുമായി നടത്തിയ ചർച്ചയിൽ ഇമേജ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.കേരളത്തെ വലിയൊരു ആരോഗ്യ അടിയന്തരാവസ്ഥയിൽ നിന്ന് രക്ഷിക്കുന്ന ഇമേജ് പദ്ധതിക്ക് കീഴിൽ നിലവിൽ 90-ഓളം വാഹനങ്ങളും 420-ലധികം ജീവനക്കാരും സന്നദ്ധസേവകരായ മുപ്പതോളം ഡോക്ടർമാരും പ്രവർത്തിക്കുന്നുണ്ട്. ഇമേജ് നേരിടുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് എന്നിവരുമായി ഐ.എം.എ ഭാരവാഹികൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ അനുകൂലമായ സർക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ കേരളത്തിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാകും.