Banner Ads

ബദരീനാഥ് ക്ഷേത്ര കാണിക്കപ്പണ തട്ടിപ്പ്; സസ്പെൻഷനിലായിരുന്ന ക്ഷേത്ര സമിതി ജീവനക്കാരൻ അറസ്റ്റിൽ

ഡെറാഡൂൺ : ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കപ്പണം കവർന്ന കേസിൽ ക്ഷേത്ര സമിതി ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര സമിതി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പ്രമോദ് നൗത്യാലിനെയാണ് ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി ഡെറാഡൂണിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ക്ഷേത്രത്തിലെ ആഭ്യന്തര അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കാണിക്ക എണ്ണുന്ന കേന്ദ്രത്തിലെ സിസിടിവി കൺട്രോൾ ഓഫീസർമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ പ്രമോദ് നൗത്യാൽ പണവും സ്വർണ്ണവും വെള്ളി നാണയങ്ങളും ഒളിപ്പിക്കുന്നതും മോഷ്ടിക്കുന്നതും കാണാമെന്ന് പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയിലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. കാണിക്കയായി ലഭിച്ച പണം കൃത്യമായ നടപടിക്രമങ്ങൾ ലംഘിച്ച് കൗണ്ടിങ് സ്ഥലത്തുനിന്ന് മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ക്ഷേത്ര സമിതിയുടെ നാലംഗ സമിതിയും ഉത്തരാഖണ്ഡ് സർക്കാരിന്റെ മൂന്നംഗ സമിതിയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. 1929ലെ ശ്രീ ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര സമിതി നിയമപ്രകാരം കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ സിഇഒയോട് നിർദ്ദേശിച്ചിരുന്നു.

ക്ഷേത്ര സമിതി ഇൻചാർജ് യുധ്വിർ പുഷ്പ്‌വാനിന്റെ പരാതിയിലാണ് ബദരീനാഥ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം തനിക്കെതിരെയുള്ള സസ്പെൻഷൻ നടപടിയെയും എഫ്ഐആറിനെയും ചോദ്യം ചെയ്ത് പ്രമോദ് നൗത്യാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹർജിയിൽ കോടതി ക്ഷേത്ര സമിതിയോട് മറുപടി തേടിയിട്ടുണ്ട്. കേസ് ജൂലൈ 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.