Banner Ads

ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം; കല്ലുകൊണ്ട് വാതിൽ തകർക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തൃശൂർ : തൃശൂർ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ആളില്ലാത്ത വീട്ടിൽ മോഷണശ്രമം. സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതാചലം നെയ്‌വേലി സ്വദേശിയായ വീരമണി (50) ആണ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തൃത്തല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ നിസാറിൻ്റെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപമുള്ള ഒഴിഞ്ഞു കിടന്നിരുന്ന തറവാട് വീട്ടിലായിരുന്നു മോഷണശ്രമം. വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരെ കണ്ടതോടെ മോഷ്ടാവ് വീടിന്റെ ടെറസിലേക്കു കയറി ഒളിച്ചു.

നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും വലപ്പാട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലി ചെയ്തു വരികയായിരുന്ന വീരമണി ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.