Banner Ads

അറിവിലേക്കൊരു പടി കൂടി; കേരള സാക്ഷരതാ മിഷൻ പത്താംതരം തുല്യതാ പരീക്ഷ തുടങ്ങി, യുഎഇയിലും കേന്ദ്രം

തിരുവനന്തപുരം : കേരള സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ ഇന്ന് (നവംബർ 8) മുതൽ പതിനെട്ട് വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിലായി ആകെ 8,252 പേരാണ് ഗ്രേഡിംഗ് രീതിയിലുള്ള ഈ പരീക്ഷ എഴുതുന്നത്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ പഠിതാക്കളും ഇത്തവണ തുല്യതാ പഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത ഈ പരീക്ഷയ്ക്കുണ്ട്. കേരളത്തിലും യുഎഇയിലുമായി ആകെ 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം.

ഇവിടെ 24 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. 9 പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും നിർബന്ധമായും എഴുതണം.

തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി 2005ലാണ് സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തുല്യതാ പഠനം ആരംഭിച്ചത്. ഈ സർട്ടിഫിക്കറ്റ് ഉപരിപഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി എസ്എസ്എൽസിക്ക് തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്നത് 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ്.