Banner Ads

അംഗൻവാടി ഭക്ഷണം വിഷമായി: അമൃതം പൊടിയിൽ പല്ലിയുടെ ജഡം, കുട്ടിക്ക് ഛർദ്ദിയും വയറിളക്കവും.

തിരുവനന്തപുരം:വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ നിന്ന് നൽകിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തി. ഈ പൊടി കഴിച്ചതിനെത്തുടർന്ന് പ്രദേശവാസിയായ രണ്ട് വയസുകാരിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പാക്കറ്റ് തീരാറായപ്പോഴാണ് ജഡം കണ്ടെത്തിയതെന്നത് കുടുംബാംഗങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഈ മാസം പത്താം തീയതിയാണ് കുട്ടിയുടെ മാതാപിതാക്കൾ അംഗൻവാടിയിൽ നിന്ന് അമൃതം പൊടി വാങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞാണ് ഇത് ഉപയോഗിച്ചു തുടങ്ങിയത്. അമൃതം പൊടി കഴിച്ചതിന് പിന്നാലെ കുഞ്ഞിന് ഛർദ്ദിയും വയറിളക്കവും തുടങ്ങി. ഉടൻ തന്നെ ആശാവർക്കർമാരെ വിവരമറിയിക്കുകയും, അവർ നൽകിയ ഒ.ആർ.എസ്. ലായനിയിലൂടെ കുഞ്ഞിന് താത്കാലിക ആശ്വാസം ലഭിക്കുകയും ചെയ്തു.

എങ്കിലും, കുട്ടിയുടെ മാതാപിതാക്കൾ അമൃതം പൊടി ഉപയോഗം തുടർന്നു. ഒടുവിൽ, പാക്കറ്റ് തീരാറായപ്പോഴാണ് ഉള്ളിൽ പല്ലിയുടെ ജഡം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മാതാപിതാക്കൾ ഉടൻതന്നെ അംഗൻവാടി ടീച്ചറെ വിവരം അറിയിച്ചു.

സംഭവത്തിൽ, അമൃതം പൊടി വിതരണം ചെയ്ത കമ്പനിയെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ദിവസങ്ങൾ കഴിഞ്ഞാണ് ജഡം കണ്ടെത്തിയതെന്നതിനാൽ, കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയിലാണ് കുടുംബം.

അംഗൻവാടി വഴി വിതരണം ചെയ്ത അമൃതം പൊടിയിൽ പല്ലിയെ കണ്ടെത്തിയ സാഹചര്യത്തിൽ, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിതരണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.