
കണ്ണൂർ : കേരളത്തിൽ എയിംസ് വരുമെന്നത് താൻ നൽകിയ ഉറപ്പാണെന്നും തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ബിജെപി അധ്യക്ഷൻ ജെപി നദ്ദ എയിംസ് കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ എയിംസ് അനുവദിക്കുന്നത് തൽക്കാലം കേന്ദ്രത്തിന്റെ മുൻഗണനയിലില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച നടപടിയിലും സുരേഷ് ഗോപി വിശദീകരണം നൽകി. മുൻഗണനയെക്കുറിച്ച് മാത്രമാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചതെന്നും അതിന് ഹൈക്കോടതി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി എപ്പോഴും ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എയിംസിനായി സർക്കാർ നിർദ്ദേശിക്കേണ്ട 5 സ്ഥലങ്ങളുടെ പ്രൊപ്പോസൽ ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ല. നൽകുന്ന മുറയ്ക്ക് അനുയോജ്യമായ സമയത്ത് കേന്ദ്രം എയിംസ് അനുവദിക്കും.
തൃശ്ശൂരിലെ കാർഷിക സർവകലാശാലയുടെ കൈവശമുള്ള ഭൂമി ഉൾപ്പെടെ എയിംസിനായി പരിഗണിക്കാൻ സാധിക്കും. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ വച്ച് താൻ ഇക്കാര്യം കെ മുരളീധരനോട് സൂചിപ്പിച്ചിരുന്നതായും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.