Banner Ads

പ്രതിഷേധങ്ങൾക്കൊടുവിൽ നടപടി; പുലിക്കളി സംഘങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചതായി കേന്ദ്രസർക്കാർ

ദില്ലി : തൃശൂരിലെ പുലിക്കളി സംഘങ്ങൾക്കായി പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്താണ് കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.

പ്രഖ്യാപനം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാത്തതിനെ തുടർന്ന് പുലിക്കളി സംഘങ്ങൾക്കിടയിലും പ്രാദേശികമായും വ്യാപക പ്രതിഷേധമുയർന്നിരുന്നു. ധനസഹായം വൈകിയതിനെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ വ്യക്തത വരുത്തി.

ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിലുണ്ടായ വൈകലാണ് ഫണ്ട് അനുവദിക്കുന്നത് നീണ്ടുപോകാൻ ഇടയാക്കിയത്. വിഷയം പ്രത്യേക കേസ് ആയി പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.