Banner Ads

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; നിരാഹാര സമരം അവസാനിപ്പിക്കും

കൊച്ചി : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. സർവകലാശാലയുടെ അച്ചടക്ക സമിതി റിപ്പോർട്ടും ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട തീരുമാനവും കോടതി റദ്ദാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് 84 ദിവസവും വിദ്യാർത്ഥികളുടെ നിരാഹാര സമരം 22 ദിവസവും പിന്നിടുന്ന വേളയിലാണ് വിധി വരുന്നത്. വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അനുകൂല വിധി വന്നതോടെ വിദ്യാർത്ഥികൾ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിക്കും.

സംഭവത്തിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ട് സർവകലാശാലയ്ക്ക് പുതിയ അന്വേഷണം പ്രഖ്യാപിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പുതിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾ ഇതിനകം അനുഭവിച്ച 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് പരിഗണിക്കേണ്ടതുണ്ട്.

പുതിയ അന്വേഷണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കരുതെന്നും പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഇതിനെ മാറ്റരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.