
കോഴിക്കോട് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആരോപണങ്ങൾക്കും വാര്‍ത്താ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും എംഎൽഎയുമായ പിഎ മുഹമ്മദ് റിയാസ്. സമൂഹത്തിൽ ബോധപൂർവം അപകീർത്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള കഥകൾ പ്രചരിപ്പിക്കുന്നതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.
പ്രധാനപ്പെട്ട തെളിവുകളാണെങ്കിൽ കേന്ദ്ര ഏജൻസികൾ ഇത് ഈ രീതിയിലാണോ പുറത്തുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇഡി നൽകുന്ന വിവരങ്ങൾ അതേപടി തെളിവെന്ന നിലയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. കള്ളപ്പണം കൈപ്പറ്റിയെന്ന് വീണ അംഗീകരിച്ചുവെന്ന പ്രചാരണം പൂർണമായും തെറ്റാണ്.
മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ല. ബിസിനസുമായി ബന്ധപ്പെട്ട് വീണ നൽകിയ യഥാർത്ഥ മൊഴി ചോർത്താൻ ഇഡിയോട് ആവശ്യപ്പെടണമെന്നും റിയാസ് പറഞ്ഞു. സിപിഎം വിശാല സംസ്ഥാന സമിതി യോഗം സമാപിക്കുന്ന ദിവസം തന്നെ ഈ വാർത്തകൾ പുറത്തുവിട്ടതിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്.
വിഷയത്തിൽ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാ ആരോപണങ്ങളോടും പ്രതികരിക്കേണ്ടതില്ലെങ്കിലും മിണ്ടാതിരിക്കാനാകില്ലെന്നും റിയാസ് വ്യക്തമാക്കി. ഒപ്പിട്ടു എന്നതുകൊണ്ട് മാത്രം ഒരാൾ ആരോപണങ്ങൾ സമ്മതിച്ചു എന്ന് കരുതാനാകില്ല. കേന്ദ്ര ഏജൻസിയുടെ നീക്കങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ മാത്രമാണെന്നും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ഇതിന് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു ഭയവുമില്ലെന്നും നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും റിയാസ് കൂട്ടിച്ചേർത്തു.