Banner Ads

പീക്ക് സമയത്തേക്ക് 600 മെഗാവാട്ട്; ഡിസംബർ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ച് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ക്ഷാമവും ഉപയോഗവർധനവും കണക്കിലെടുത്ത് വരും മാസങ്ങളിലേക്ക് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് കെഎസ്ഇബി. ഈ മാസം നേരിട്ട പ്രതിസന്ധി അടുത്ത മാസം മുതൽ ആവർത്തിക്കാതിരിക്കാനാണ് കെഎസ്ഇബിയുടെ തീവ്രശ്രമം.

അടുത്ത മാസം പീക്ക് സമയത്തെ ഉപയോഗത്തിനായി 600 മെഗാവാട്ടിനാണ് ടെൻഡർ ക്ഷണിച്ചത്. എന്നാൽ അടുത്ത മാസത്തെ പീക്ക് സമയത്തേക്ക് 88 മെഗാവാട്ടിന് മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ നിലവിൽ അനുമതി നൽകിയിട്ടുള്ളത്.

രാത്രി 12 മണി മുതൽ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ടിനും ടെൻഡർ വിളിച്ചിട്ടുണ്ട്. രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെൻഡറുണ്ട്. ഡിസംബർ വരെയുള്ള മാസങ്ങളിലും സമാനമായ രീതിയിലാണ് ടെൻഡറുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആവശ്യപ്പെട്ടതിന്റെ പകുതിയെങ്കിലും ലഭിച്ചാൽ വരും മാസങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഞായറാഴ്ചയെ അപേക്ഷിച്ച് തൊട്ടടുത്ത ദിവസം വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.

അതേസമയം യൂണിറ്റിന് 30 രൂപ നിരക്കിൽ ഉയർന്ന വില കൊടുത്ത് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.