Banner Ads

16കാരിക്ക് നൽകിയത് 88കാരിയുടെ എക്സ്റേ: കോന്നി മെഡിക്കൽ കോളേജിൽ വൻ വീഴ്ച; ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിൽ രോഗിയുടെ എക്സ്റേ മാറി നൽകിയ ഗുരുതര വീഴ്ചയിൽ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെതിരെയാണ് ആശുപത്രി സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ടിന്മേൽ സസ്പെൻഡ് ചെയ്തത്.

എക്സ്റേ മാറിവന്നത് ശ്രദ്ധിക്കാതെ ചികിത്സ മുന്നോട്ടുകൊണ്ടുപോയ പൾമനോളജി വിഭാഗം ഡോക്ടർക്ക് താക്കീത് നൽകി. ശ്വാസതടസ്സവുമായി ചികിത്സയ്‌ക്കെത്തിയ 16 വയസ്സുകാരിയോട് ഡോക്ടർ എക്സ്റേ എടുക്കാൻ നിർദേശിക്കുകയായിരുന്നു.

പെൺകുട്ടി എക്സ്റേ എടുത്തുവെങ്കിലും റേഡിയോളജി വിഭാഗത്തിൽ നിന്ന് നൽകിയത് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റേ ആയിരുന്നു. എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തി ഡോക്ടർ മരുന്നുകൾ കുറിച്ചുനൽകുകയും ചെയ്തു.

എന്നാൽ തുടർചികിത്സയ്ക്കായി പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് വീഴ്ച പുറത്തറിഞ്ഞത്. ഇവിടുത്തെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോൾ പ്രായവും റിപ്പോർട്ടിലെ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എക്സ്റേ വിതരണം ചെയ്ത കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് സൂപ്രണ്ട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യവകുപ്പും നിർദേശം നൽകിയിരുന്നു.