Banner Ads

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മലയാളി തിളക്കം; വെള്ളി മെഡൽ നേടി കോഴിക്കോട്ടുകാരി വിദർശ കെ വിനോദ്

ടോക്കിയോ : ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മലയാളി താരത്തിന്റെ ചരിത്രനേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ വിനോദ് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന അപൂർവ്വ നേട്ടമാണ് വിദർശ സ്വന്തമാക്കിയത്.

മൂന്നംഗ ഇന്ത്യൻ ടീമിനൊപ്പമാണ് വിദർശയുടെ ഈ ചരിത്ര വിജയം. തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ രാജ്യത്തിനായി മെഡൽ നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. കുടുംബത്തിന്റെ പിന്തുണയും കോച്ചിന്റെ കൃത്യമായ പരിശീലനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് താരം കൂട്ടിച്ചേർത്തു. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ നേടിയ ഈ തിളക്കമാർന്ന വിജയം തുടർന്നുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകുമെന്നും താരം പറഞ്ഞു. കേരളത്തിൽ തുടർന്ന് പരിശീലിക്കാനും സേവനം ചെയ്യാനും ആഗ്രഹമുണ്ടെന്നും സർക്കാർ ജോലി നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും വിദർശ വ്യക്തമാക്കി. 2018ൽ എൻസിസിയിലൂടെയാണ് ഷൂട്ടിംഗ് രംഗത്തേക്ക് കടന്നുവന്നത്.

തുടർന്ന് 2019ൽ ഇത് പ്രൊഫഷണലായി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഡൽഹിയിലാണ് പരിശീലനം നടത്തുന്നത്. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചിൽ മികച്ച സൗകര്യങ്ങളുണ്ടെന്നും എല്ലാ ജില്ലകളിലും അസോസിയേഷനുകൾ ഉള്ളതിനാൽ താൽപ്പര്യമുള്ളവർക്ക് മെമ്പർഷിപ്പ് എടുത്ത് പരിശീലിക്കാവുന്നതാണെന്നും വിദർശ പറഞ്ഞു.