Banner Ads

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി : വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ കൃഷിയിടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഖഡ്ഡ കോളനി സ്വദേശിയായ ശിവം (ചുച്ഛു) എന്ന യുവാവിനെയും 16, 17 വയസ്സുള്ള മൂന്ന് ആൺകുട്ടികളെയുമാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 13നാണ് സ്വരൂപ് നഗറിലെ വിജനമായ പറമ്പിൽ 16കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകൾ വേർപെട്ട നിലയിലും ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലുമായിരുന്നു. പ്രദേശത്തെ അമ്പതോളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട ഒരു ടെമ്പോ വാൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

വ്യക്തമല്ലാതിരുന്ന വാൻ നമ്പർ വഴി തിരിച്ചറിഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. സെപ്റ്റംബർ 15ന് അർധരാത്രി നടത്തിയ മിന്നൽ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു. പെൺകുട്ടിയും പ്രതികളും നേരത്തെ പരിചയമുള്ളവരായിരുന്നു.

സംഭവദിവസം ടെമ്പോ വാനിൽ ഒന്നിച്ച് യാത്ര ചെയ്യുകയും മദ്യപിക്കുകയും ചെയ്ത ശേഷം പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ സ്ഥലത്ത് തള്ളുകയായിരുന്നു. പെൺകുട്ടി മുൻപും വീടുവിട്ട് സുഹൃത്തുക്കളോടൊപ്പം പോയി ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്താറുള്ളത്.

അതുകൊണ്ട് തന്നെ കാണാതായ വിവരം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നില്ല. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ശാസ്ത്രീയവും ഫോറൻസിക്കലുമായ തെളിവെടുപ്പ് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.