
തിരുവനന്തപുരം : സംസ്ഥാനത്ത് വിലക്കയറ്റവും സാമ്പത്തിക ഞെരുക്കവും നിലനിൽക്കുന്നതിനിടെ സൗജന്യ ഓണക്കിറ്റും ഓണച്ചന്തകളും പ്രഖ്യാപിച്ച് ഭക്ഷ്യ വിതരണ വകുപ്പ്. ഓഗസ്റ്റ് 8 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്നും ഓഗസ്റ്റ് 10 മുതൽ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഓണസദ്യയ്ക്ക് ആവശ്യമായ 16 ഇനം സാധനങ്ങൾ ഉൾപ്പെടുത്തിയാവും കിറ്റ് നൽകുക. അടുത്ത വർഷം മുതൽ കൂടുതൽ വിഭാഗങ്ങളിലേക്ക് കിറ്റ് വിതരണം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 6 മുതൽ ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കും. കൂടാതെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി സബ്സിഡി നിരക്കിലുള്ള 13 ഇനം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.
ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദേശം നിലനിൽക്കെയാണ് ഈ പ്രഖ്യാപനം. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. പുതുക്കിയ എസ്റ്റിമേറ്റുകൾ ബജറ്റ് പരിധിയെക്കാൾ കവിയരുതെന്നാണ് ധനവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്.
ലാഭകരമല്ലാത്ത പദ്ധതികളും പ്രാധാന്യമില്ലാത്ത അറ്റകുറ്റപ്പണികളും തൽക്കാലം മാറ്റിവെക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടാതെ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് പുനർവിന്യസിക്കണമെന്നും നിർദേശത്തിൽ പറയുന്നു.