Banner Ads

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: കൊച്ചി നഗരത്തിൽ ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി ഏഴു മണിവരെ ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിനും ബോൾഗാട്ടി ഗോശ്രീ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലിക്കും വൻതോതിൽ പ്രവർത്തകർ എത്താൻ സാധ്യതയുള്ളതിനാലാണ് നടപടിയെന്ന് എറണാകുളം സിറ്റി പോലീസ് അറിയിച്ചു.

ജനറൽ ഹോസ്പിറ്റൽ ജങ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ചാത്യാത്ത് ജങ്ഷൻ, ഗോശ്രീ ഒന്നാം പാലം, ബോൾഗാട്ടി ജങ്ഷൻ വരെയുള്ള റോഡുകളിൽ വാഹന പ്രവേശനവും പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചു.

വൈപ്പിനിൽ നിന്ന് എറണാകുളത്തേക്ക് വരുന്നവ: ബോൾഗാട്ടി ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ് – ചേരാനല്ലൂർ – ഇടപ്പള്ളി വഴി സഞ്ചരിക്കണം. അല്ലെങ്കിൽ വൈപ്പിൻ ജങ്ഷനിൽ നിന്ന് ഫോർട്ട് കൊച്ചി ജങ്കാർ സർവീസ് പ്രയോജനപ്പെടുത്താം.

ആലുവ, കാക്കനാട് ഭാഗങ്ങളിൽ നിന്ന് വൈപ്പിനിലേക്ക് പോകുന്നവ: പാലാരിവട്ടം – ഇടപ്പള്ളി – ചേരാനല്ലൂർ – കണ്ടെയ്‌നർ റോഡ് വഴി പോകണം. പറവൂർ, കളമശ്ശേരി ഭാഗങ്ങളിൽ നിന്ന് ഹൈക്കോടതിയിലേക്ക് വരുന്നവ: ചേരാനല്ലൂർ – ചിറ്റൂർ – ആസ്റ്റർ മെഡിസിറ്റി റോഡ് വഴി പച്ചാളം – മത്തായി മാഞ്ഞൂരാൻ റോഡിലൂടെ പോകേണ്ടതാണ്.

സ്വകാര്യ ബസുകൾ: ഹൈക്കോടതി – മേനക റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ബാനർജി റോഡും ഷൺമുഖം റോഡും ഒഴിവാക്കി എം.ജി. റോഡ് വഴി പോകണം. പൊതുജനങ്ങളും വാഹനയാത്രക്കാരും ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിറ്റി പോലീസ് അഭ്യർത്ഥിച്ചു.