
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു (42) ആണ് മരിച്ചത്. ശരീരത്തിൽ മാരകമായി വെട്ടേറ്റ പാടുകളുള്ളതിനാൽ സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജുവിന്റെ അമ്മ ബേബി ആരോപിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ബിജുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബിജുവിന്റെ കഴുത്തിലും വയറിലും വെട്ടേറ്റ ആഴത്തിലുള്ള പാടുകളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.പുലർച്ചെ മൂന്ന് മണിയോടെ ബിജുവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് അമ്മ മൃതദേഹം കാണുന്നത്.
ആ സമയത്ത് മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും വിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ലെന്നും അമ്മ ബേബി പറഞ്ഞു.ക്ഷീരകർഷകരാണ് ബിജുവിന്റെ കുടുംബം. വീട്ടിലെ ജോലികളെല്ലാം ബിജുവിനെ ഏൽപ്പിച്ച ശേഷം പിതാവ് ഇന്നലെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. കസബ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.