Banner Ads

ഓണക്കാലത്ത് ലഹരിമരുന്ന് ഒഴുക്കാൻ അനുവദിക്കില്ല; ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തമാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓണക്കാലത്ത് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പരിശോധനകളുടെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ പരിശോധനകളിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ (എസ്.എച്ച്.ഒ) മാറ്റവുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശയക്കുഴപ്പങ്ങളുമില്ല. രണ്ടുദിവസത്തിനകം തന്നെ എസ്.ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച നടപടി തികച്ചും പ്രാകൃതമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സർവകലാശാലയിൽ നടന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.