
കോട്ടയം : വോട്ടെണ്ണലിന് മുന്നോടിയായി വലിയ ആത്മവിശ്വാസ പ്രകടനവുമായി പിസി ജോർജ്. പൂഞ്ഞാറിൽ താൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തന്റെ വിജയത്തിൽ ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
പൂഞ്ഞാറിൽ താനും പാലായിൽ മകൻ ഷോൺ ജോർജും വിജയിക്കുമെന്നും ഇതോടെ ഒരേസമയം അച്ഛനും മകനും കേരള നിയമസഭയിൽ എത്തുന്ന ചരിത്രം ഇത്തവണ കുറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബിജെപി കേരളത്തിൽ മികച്ച മുന്നേറ്റം നടത്തും.
11 സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മികച്ച ഒരു നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം. യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും എൽഡിഎഫ് അത്ര മോശം പ്രകടനം നടത്തില്ല.
ഇത്തവണ ബിജെപി പ്രതിപക്ഷത്തിരിക്കാനാണ് സാധ്യത. കേരളത്തിന് പുറത്ത് ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസും സിപഎമ്മും വേണമെങ്കിൽ കേരളത്തിലും ഒന്നിക്കട്ടെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ഒറ്റയ്ക്ക് ഭരിക്കുമെന്ന് പിസി ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.