Banner Ads

കേരളം ആർക്കൊപ്പം? വിധിദിനം നാളെ; എട്ടരയ്ക്ക് വോട്ടിംഗ് മെഷീനുകൾ തുറക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. സംസ്ഥാനത്ത് ഇത്തവണ 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സുഗമമായ വോട്ടെണ്ണലിനായി കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.

വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15465 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവർക്ക് ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സിആർപിഎഫിന്റെ മേൽനോട്ടത്തിൽ 32301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണലിലെ എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷം മാത്രമേ ഫലപ്രഖ്യാപനം പൂർത്തിയാക്കൂ.

വൈകിട്ട് അഞ്ചു മണിയോടെ മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ. മാധ്യമങ്ങൾ തെറ്റായ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകരുത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടരുതെന്നും ഔദ്യോഗിക ഫലം വരുന്നത് വരെ കാത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്. തെറ്റായ വിവരം നൽകുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും. സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതിയില്ല. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം മെയ് 6 വരെ തുടരും.

ക്രമസമാധാന പ്രശ്ന സാധ്യതയുണ്ടെങ്കിൽ വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ട്. 20028 സർവീസ് വോട്ടുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കും. സുതാര്യമായ വോട്ടെണ്ണൽ പ്രക്രിയ ഉറപ്പാക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി രത്തൻ യു ഖേൽക്കർ അറിയിച്ചു.