Banner Ads

ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടത്: ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: രാജ്യത്ത് ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എൻ.എസ്.എസ് പതാകദിനാചരണത്തിന്റെ ഭാഗമായി മന്നം സമാധിയിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നവർക്ക് ഇനിയും സംവരണത്തിന്റെ ആവശ്യമുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് യഥാർത്ഥത്തിൽ സംവരണം നൽകേണ്ടത്. നിലവിലെ ജാതി സംവരണം മൂലം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവരെ എല്ലാവരും അവഗണിക്കുകയാണെന്നും ഇതിന് അടിയന്തരമായി മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടനയുടെ സ്ഥാപകൻ മന്നത്ത് പത്മനാഭൻ മുമ്പ് മുന്നോട്ടുവെച്ച നിലപാട് ഇതുതന്നെയായിരുന്നുവെന്നും, അതേ ആശയങ്ങൾ സ്വീകരിച്ചാണ് എൻ.എസ്.എസ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ ചിലർ എൻ.എസ്.എസിനെതിരെ രംഗത്തുവരുന്നുണ്ടെങ്കിലും, അത്തരം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.