
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വി എം ബോവാസിനെയാണ് (27) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ ആർ സുനിൽകുമാർ ആറ് വർഷവും രണ്ട് മാസവും തടവിനും 35500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022ൽ മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത പ്രതി വീട്ടിൽ അതിക്രമിച്ചുകയറി കൈയ്യിൽ കയറിപ്പിടിച്ച് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി പി സിറാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി ബബിത ഹാജരായി.