Banner Ads

ഫൈനൽ പോരാട്ടം തടസ്സമില്ലാതെ കാണാം; ഫുട്ബോൾ ആരാധകർക്ക് കെഎസ്ഇബിയുടെ ‘കൂൾ’ പ്രഖ്യാപനം

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശം ഒട്ടും ചോരാതെ തത്സമയം കാണാൻ മലയാളി ആരാധകർക്ക് കെഎസ്ഇബിയുടെ ഉറപ്പ്. ഇന്ന് സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത വില കൊടുത്താണെങ്കിലും ഫൈനൽ ദിനത്തിൽ ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം.

ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ കളി കാണാൻ പവർകട്ട് വില്ലനാകുമോ എന്ന ആരാധകരുടെ ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും കായികപ്രേമികളുടെ ആവേശം കണക്കിലെടുത്താണ് കെഎസ്ഇബി ഈ പ്രത്യേക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചിരിക്കുകയാണ്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്.പ്രതിസന്ധി രൂക്ഷമായതിനാൽ ഇന്ന് സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ആരാധകരുടെ ആശങ്ക പരിഹരിക്കാൻ കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി പിന്നീട് തീരുമാനിക്കുകയായിരുന്നു.