
ആലപ്പുഴ: പുലിയൂർ സ്വദേശി യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കാൻ സംസ്കരിച്ച മൃതദേഹം ഇന്ന് പുറത്തെടുക്കും. സ്വത്ത് തട്ടിയെടുക്കാൻ യേശുദാസിനെ അപായപ്പെടുത്തിയതാണെന്ന മരുമകളുടെ പരാതിയെത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം പള്ളി കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ രാവിലെ 10 മണിയോടെ നടപടികൾ ആരംഭിക്കും.
കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് സഹോദരൻ ഗബ്രിയേൽ വിശ്വസിപ്പിച്ചതിനെത്തുടർന്ന് പോസ്റ്റ്‌മോർട്ടം ഒഴിവാക്കി മൃതദേഹം സംസ്കരിക്കുകയായിരുന്നു.യേശുദാസിന്റെ മരണശേഷം വിദേശത്തുനിന്നെത്തിയ മരുമകൾ ലീന ബിൻസ് രേഖകൾ പരിശോധിച്ചപ്പോഴാണ് സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയത്.
സ്വത്ത് കൈക്കലാക്കാനായി യേശുദാസിനെ അപായപ്പെടുത്തിയതാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ലീന പോലീസിനെ സമീപിച്ചു. ശരിയായ അന്വേഷണം വേണമെന്നും ശാസ്ത്രീയ പരിശോധനയ്ക്കായി മൃതദേഹം പുറത്തെടുക്കണമെന്നുമുള്ള ആവശ്യത്തെത്തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകൾക്ക് വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.