Banner Ads

വിവാദ പരാമർശത്തിൽ വിശദീകരണവുമായി വി.സി; വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സമരം ചെയ്ത വിദ്യാർത്ഥികളെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ (വി.സി) ഡോ. മോഹനൻ കുന്നുമ്മൽ. സമാധാനപരമായ പ്രതിഷേധങ്ങളെ താൻ തടഞ്ഞിട്ടില്ലെന്നും തനിക്കെതിരെയുള്ള വിമർശനങ്ങൾ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിദ്യാർത്ഥികളെ ‘പാറ്റകൾ’ എന്ന് വിളിക്കരുതെന്നാണ് താൻ പറഞ്ഞത്.

ചില വിദേശ ശക്തികൾ പുതിയ തലമുറയിലെ (Gen Z) കുട്ടികളെ ബോധപൂർവം ലഹരിമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ രീതിയിൽ അവരെ നിഷ്ക്രിയരാക്കുന്നതിനെതിരെ സംസാരിക്കേണ്ടത് ഒരു വി.സിയുടെ ഉത്തരവാദിത്തമാണ്.ചടങ്ങിനിടെ വിദ്യാർത്ഥികളോട് ‘നിങ്ങൾ പാറ്റകളാണോ’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് മനസ്സിലാകാത്തതുകൊണ്ടാണ് അവർ നിശബ്ദരായത്. മുതിർന്ന കുട്ടികളായിരുന്നുവെങ്കിൽ പ്രതികരിച്ചേനെ എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്കിൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ലെന്ന് ചടങ്ങിനുശേഷം കുട്ടികൾ തന്നെ വന്ന് പറഞ്ഞതായും വ്യക്തമാക്കി.

അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്ന പരാമർശം മാതൃഭൂമിയെ വണങ്ങുന്നതുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. തന്റെ പ്രസംഗത്തിലെ ഈ വാക്കുകൾ തെറ്റായ രീതിയിലാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പ്രചരിപ്പിച്ചത്. തനിക്ക് മേൽ ‘സംഘി’ മുദ്ര ചാർത്തുന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ്. നിലവിൽ രാജ്യം ഭരിക്കുന്നത് തന്നെ ആർ.എസ്.എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് മോഹനൻ കുന്നുമ്മലിന്റെ സഹായം ആവശ്യമില്ല. ഒരു വൈസ് ചാൻസലർ ചെയ്യേണ്ട ചുമതലകൾ മാത്രമാണ് താൻ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.