Banner Ads

താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല; വീണയ്‌ക്കെതിരെയുള്ള ഇ.ഡി അന്വേഷണത്തിൽ പ്രതികരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ ടി.യ്‌ക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീണ അന്വേഷണ ഏജൻസിയുമായി പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. തുടർന്നും ആവശ്യമായ വിവരങ്ങൾ നൽകാൻ മടിയുണ്ടാകില്ല.

തൻ്റെ മകൾ ആയതുകൊണ്ടാണ് ഈ വിഷയത്തിൽ വിചിത്രമായ നടപടികൾ ഉണ്ടാകുന്നത്. വീണ വൻ സ്വത്തിന്റെ ഉടമയല്ല, ഇതിൽ കേൾക്കുന്ന തുകയും വലുതല്ല.സാധാരണ രീതിയിൽ ഇ.ഡി വെബ്‌സൈറ്റിലാണ് വിവരങ്ങൾ നൽകുന്നത്, എന്നാൽ ഈ വിഷയത്തിൽ പ്രത്യേക വാർത്താക്കുറിപ്പ് പുറത്തിറക്കി. അതിൽ ‘പി. വിജയൻ’ എന്നും ‘മുൻ മുഖ്യമന്ത്രി’ എന്നും പ്രയോഗിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം.

വീണ ഭർത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന മാധ്യമ വാർത്തകൾ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന് നേരെയായാൽ എന്തും പ്രചരിപ്പിക്കാമെന്നാണോ കരുതുന്നത്? താനോ കുടുംബമോ തെറ്റായ വഴിയിൽ സഞ്ചരിച്ചിട്ടില്ലെന്നും ഇതിൽ പൂർണ്ണ ബോധ്യമുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.