Banner Ads

തിരുവനന്തപുരത്ത് അതിശക്തമായ മഴ: ഓറഞ്ച് അലേർട്ട്; ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന് പുറമെ ലക്ഷദ്വീപിനും തെക്കൻ തമിഴ്‌നാടിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴികളും മഴയ്ക്ക് കാരണമാകുന്നുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് (04/11/2026) കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ (05/11/2026) പത്തനംതിട്ട ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ തീവ്ര ന്യൂനമർദ്ദ സാഹചര്യം നിലനിൽക്കുന്ന ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.