
കായംകുളം: വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ. കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ ആക്രമിച്ച കേസിലാണ് പത്തിയൂർ എരുവ പടിഞ്ഞാറ് തസ്നി മൻസിലിൽ മനീഷ് (37), കണ്ടല്ലൂർ വളയക്കകത്ത് കിഴക്കതിൽ പ്രവീൺ (കുട്ടൻ – 29), കായംകുളം ഫയർ സ്റ്റേഷന് സമീപം പെരിങ്ങാല മേട്ടയിൽ തെക്കതിൽ വീട്ടിൽ മുഹമ്മദ് മുനീർ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്.
ഈ മാസം 18-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കായംകുളം വനിതാ പോളിടെക്നിക്കിന് പിറകുവശം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അഫ്സലിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കരീലക്കുളങ്ങരയിലുള്ള മനീഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടു. അവിടെവച്ച് ഇരുമ്പ് പൈപ്പ്, വാക്കിങ് സ്റ്റിക്, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസാണ് അഫ്സലിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്.
മനീഷ (ഒന്നാം പ്രതി): കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, ഡൽഹി, അമ്പലപ്പുഴ സ്റ്റേഷനുകളിലായി 17-ഓളം കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളുമാണ്.പ്രവീൺ (രണ്ടാം പ്രതി): കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര സ്റ്റേഷനുകളിലായി 6 കേസുകളിൽ പ്രതിയാണ്.മുഹമ്മദ് മുനീർ (മൂന്നാം പ്രതി): കായംകുളം, കരീലക്കുളങ്ങര, ശാന്തൻപാറ സ്റ്റേഷനുകളിലായി 6 കേസുകളിൽ പ്രതിയാണ്.
കായംകുളം ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ സിഐ രജീഷ് കുമാർ, എസ്ഐമാരായ സജിത് മോൻ, അഫ്സൽ, പ്രേംജിത്ത്, മുഹമ്മദ് ബഷീർ, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, റെജിൻ, പ്രവീൺ, അനന്തകൃഷ്ണൻ, സജീഷ്, സഞ്ജു, സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള നാലാം പ്രതി അഷ്റഫിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.