Banner Ads

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിയോട് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സോണിയയുടെ ചെയ്തികൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും ദേശീയഗീതത്തെ അപമാനിച്ച നടപടിയോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

വന്ദേമാതരത്തെ അപമാനിക്കാൻ എങ്ങനെ തോന്നിയെന്നും അമിത് ഷാ ചോദിച്ചു. അതിനിടെ, വന്ദേമാതരത്തെ അപമാനിച്ചുവെന്ന് കാട്ടി സോണിയ ഗാന്ധിക്കെതിരെ മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതി നൽകിയിരിക്കുന്നത്.

സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപി തലത്തിൽ ആലോചനകൾ പുരോഗമിക്കുകയാണ്. സംഭവം രാജ്യത്തിന് നാണക്കേടാണെന്നും വന്ദേമാതരം പൂർത്തിയാകുന്നതുവരെ സോണിയക്ക് കാത്തിരിക്കാമായിരുന്നുവെന്നും വിശ്വഹിന്ദു പരിഷത്ത് വക്താവ് സുരേന്ദ്ര ജയിൻ വിമർശിച്ചു.

അതേസമയം എഐസിസി ആസ്ഥാനത്തുണ്ടായ സംഭവത്തിൽ സേവാദൾ നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായകസംഘത്തിന് നൽകാൻ വിട്ടുപോയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് നേതൃത്വത്തിന് നൽകിയ വിശദീകരണം.