
തിരുവനന്തപുരം : ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (20/07/2026) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധി നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു.
അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ആവേശകരമായ ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾക്ക് കളി പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് സർക്കാർ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെയും ഫുട്ബോൾ പ്രേമികളുടെയും ആവശ്യം പരിഗണിച്ചാണ് പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള ക്യാമ്പസുകൾക്ക് സർക്കാർ അവധി അനുവദിച്ചത്. ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപനവും എത്തിയിരിക്കുന്നത്.