
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ റെക്കോർഡ് ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ വഴിപാടായി ബുക്ക് ചെയ്തിട്ടുള്ളത്.ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് ക്രമമനുസരിച്ച് വരും ദിവസങ്ങളിൽ സദ്യയിൽ പങ്കെടുക്കും.വഴിപാട് കഴിക്കുന്നവർക്ക് പുറമെ, സാധാരണക്കാരായ ഭക്തർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്.ഓൺലൈൻ വഴിയും നേരിട്ടും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ സ്വന്തമാക്കി, വഴിപാടുകാരല്ലാത്ത ഭക്തർക്കും ഈ ഭക്തിസാന്ദ്രമായ വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്.