Banner Ads

മൺചിരാതുകളുടെ പ്രകാശത്തിൽ അലിഞ്ഞ് രാജ്യം; ആഘോഷത്തിമിർപ്പിൽ ദീപാവലി

നാടുനീളെ വർണ്ണവിളക്കുകൾ തെളിച്ചും ആകാശത്ത് പടക്കങ്ങളുടെ വർണ്ണപ്പകിട്ടൊരുക്കിയും മധുരം പങ്കിട്ടും രാജ്യം മുഴുവൻ ദീപാവലി ആഘോഷങ്ങളുടെ ആനന്ദക്കടലിലാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഹൃദയത്തിലേറ്റുവാങ്ങുന്ന ഈ ദിനം വെറുമൊരു ആഘോഷം മാത്രമല്ല, മാനവികതയുടെയും പ്രകാശത്തിന്റെയും അതിരറ്റ പ്രതീകം കൂടിയാണ്.

തമസോ മാ ജ്യോതിർ ഗമയ അഥവാ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയിൽ നിന്ന് അറിവിലേക്ക്, തിന്മയുടെ മേൽ നന്മ നേടുന്ന വിജയം എന്ന പവിത്രമായ സന്ദേശമാണ് ദീപാവലി ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്. വടക്കേ ഇന്ത്യയിൽ പുതുവസ്ത്രങ്ങൾ അണിഞ്ഞും കൈകളിൽ മനോഹരമായ മെഹന്തി ഡിസൈനുകൾ വരച്ചും പരസ്പരം മധുരം പങ്കുവെച്ചും ദീപാവലി അത്യന്തം ഗംഭീരമായാണ് കൊണ്ടാടുന്നത്.

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഭക്തിപൂർവ്വവും സന്തോഷത്തോടെയും ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച് കാർത്തിക മാസത്തിലെ 15-ാം ദിവസമായ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആകാംഷ നിറഞ്ഞതും മഹത്തരവുമായ ഉത്സവങ്ങളിൽ ഒന്നാണിത്.

ദീപാവലിയുമായി ബന്ധപ്പെട്ട് അനവധി പൗരാണിക കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമദേവൻ പതിനാലു വർഷത്തെ വനവാസത്തിന് ശേഷം രാവണനെ വധിച്ച് സീതാദേവിയോടും ലക്ഷ്മണനോടും ഒപ്പം അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കപ്പെടുന്നു.

സന്തോഷാകുലരായ അയോദ്ധ്യാവാസികൾ തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ വരവേൽക്കാൻ നഗരവീഥികളിലുടനീളം മൺചിരാതുകളിൽ ദീപങ്ങൾ തെളിച്ചു. ഇതിന്റെ ഓർമ്മ പുതുക്കലാണ് ദീപാവലിയുടെ പ്രധാന കാതൽ. മഹാഭാരത ഐതിഹ്യമനുസരിച്ച് കൗരവരുമായുള്ള ചൂതാട്ടത്തിൽ പരാജിതരായി 12 വർഷത്തെ വനവാസവും അജ്ഞാതവാസവും പൂർത്തിയാക്കി പഞ്ചപാണ്ഡവന്മാർ ഹസ്തിനപുരിയിലേക്ക് തിരികെയെത്തിയത് ഈ ദിവസമാണെന്നും കരുതിപ്പോരുന്നു.

ജനങ്ങൾ ദീപങ്ങൾ കത്തിച്ചാണ് അവരെ സ്വീകരിച്ചത്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അധിദേവതയായ ലക്ഷ്മി ദേവിയുമായി ദീപാവലിക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ദേവാസുരന്മാർ ചേർന്ന് പാലാഴി മഥനം നടത്തിയപ്പോൾ സമുദ്രത്തിൽ നിന്നും മഹാലക്ഷ്മി അവതരിച്ചതും ദേവി വിഷ്ണുദേവനെ ഭർത്താവായി സ്വീകരിച്ചതും ഈ അമാവാസി ദിനത്തിലാണെന്നാണ് സങ്കൽപ്പം.

ദീപാവലി നാളിൽ പൂജകൾ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയം സൂര്യാസ്തമയത്തിന് ശേഷമുള്ള പ്രദോഷ മുഹൂർത്തമാണ്. അമാവാസി ചന്ദ്രന്റെ സാന്നിധ്യമുള്ള ഈ വിശിഷ്ട സമയത്ത് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മഹാലക്ഷ്മിയെയും വിഘ്നനിവാരകനായ ഗണപതി ഭഗവാനെയും ഭക്തിപൂർവ്വം ആരാധിക്കുന്നു. പ്രദോഷ സന്ധ്യയിലെ ഏറ്റവും പവിത്രമായ 24 മിനിറ്റ് ദീപാവലിയുടെ ആത്മീയ ചൈതന്യത്തിന്റെ ഉച്ചകോടിയായി കണക്കാക്കപ്പെടുന്നു.

ഈ മുഹൂർത്തത്തിൽ ദീപം കൊളുത്തുന്നതും പ്രാർത്ഥിക്കുന്നതും വീടുകളിൽ ലക്ഷ്മീ കടാക്ഷവും ഐശ്വര്യവും സർവ്വ സമൃദ്ധിയും നിറയ്ക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. തിന്മയ്ക്കു മേൽ നന്മ നേടുന്ന ഈ മഹാവിജയം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും ശാന്തിയും വെളിച്ചവും നിറയ്ക്കട്ടെ എന്ന് ആശംസിക്കുന്നു