
പാലക്കാട് : മൂന്ന് വർഷത്തിലധികമായി വസ്തു നികുതി അടയ്ക്കാത്തതിനെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെ ജപ്തി നടപടിയുമായി ഷൊർണൂർ നഗരസഭ. സിപിഎമ്മിന്റെ കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെയാണ് നഗരസഭാ അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്.
കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് 75000 രൂപയും ഷൊർണൂർ ഓഫീസിന് 25000 രൂപയുമാണ് നികുതിയിനത്തിൽ കുടിശ്ശികയുള്ളത്. ഒരു ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് പാർട്ടി ഓഫീസുകൾ നൽകാനുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് നികുതി പിരിവിൽ ഒന്നാം സ്ഥാനം നേടിയ നഗരസഭയാണ് ഷൊർണൂർ.
എന്നാൽ ഈ വർഷം 100 ശതമാനം നികുതി പിരിവ് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് തടസ്സമായത് ഭരണകക്ഷിയുടെ തന്നെ പാർട്ടി ഓഫീസുകളുടെ ഈ കുടിശ്ശികയാണെന്ന് റവന്യൂ വിഭാഗം കണ്ടെത്തി. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നഗരസഭയിലേക്ക് അടയ്ക്കാനുള്ള മുഴുവൻ നികുതി കുടിശ്ശികയും ഉടൻ തന്നെ തീർപ്പാക്കുമെന്നും സിപിഎം നേതാക്കൾ അറിയിച്ചു.