Banner Ads

തിരുവനന്തപുരത്ത് ഷിഗെല്ല പടരുന്നു: ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ

തിരുവനന്തപുരം : തലസ്ഥാന നഗരിയെ വീണ്ടും ആശങ്കയിലാഴ്ത്തി കാട്ടാക്കടയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

കടകളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗബാധയെന്ന് സ്ഥിരീകരിച്ചതോടെ ബേക്കറി താൽക്കാലികമായി അടപ്പിച്ചു. നേരത്തെ തിരുവനന്തപുരത്തെ തോന്നയ്ക്കൽ, പുത്തൻതോപ്പ്, ചാക്ക എന്നിവിടങ്ങളിലായി മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വയനാട്, കൊല്ലം ജില്ലകൾക്ക് പിന്നാലെയാണ് ഇപ്പോൾ തലസ്ഥാനത്തും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഗവ്യാപനം തടയാനും പകർച്ചയുടെ കൃത്യമായ ഉറവിടം കണ്ടെത്താനുമുള്ള ഊർജ്ജിത ശ്രമത്തിലാണ് അധികൃതർ. കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, ആഹാരം കഴിക്കുന്നതിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക,

തുറന്നുവെച്ച ആഹാരസാധനങ്ങളും തട്ടുകടകളിലും മറ്റും ലഭിക്കുന്ന പഴകിയ ജ്യൂസുകളും പൂർണ്ണമായും ഒഴിവാക്കുക. വിട്ടുമാറാത്ത പനി, കടുത്ത വയറുവേദന, രക്തം കലർന്ന വയറിളക്കം എന്നിവ ശ്രദ്ധയിൽ പെട്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.