Banner Ads

പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതി പുരോഗമിക്കുന്നു

കണ്ണൂർ : പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദൃശ്യവിരുന്നുകളാണ് ഇവിടെ കാണാനാവുക. അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തി അധികം സഞ്ചാരികളെ ആകർഷിക്കാനും അതുവഴി മലയോര ടൂറിസം മേഖല പദ്ധതി വികസിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവികസനങ്ങൾ ഉറപ്പുവരുത്താനുമുള്ള കർമപദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. സജീവ് ജോസഫ് എം.എല്‍.എയുടെയും അസി. കലക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഉന്നതതല സംഘം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോവുകയും പാലക്കയംതട്ടില്‍ അവലോകന യോഗം കൂടുകയും ചെയ്തിരുന്നു.

സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന പൈതല്‍മലയും 3500ലധികം അടി ഉയരത്തില്‍ എട്ട് ഏക്കർ സ്ഥലത്തുള്ള പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങള്‍.  ഇവിടെ വനം വകുപ്പുമായി ഒന്നിച്ചാണ് വികസന പ്രവർത്തനങ്ങള്‍ൾക്ക് പദ്ധതിയിട്ടത്.

കാഞ്ഞിരക്കൊല്ലി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങള്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ അവസരങ്ങൾ ഉപയോഗപ്പെടുത്താവുന്നവയാണ്.  ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതല്‍ക്കുണ്ട്, നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി തുടങ്ങിയിടങ്ങളിലെല്ലാം ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *