Banner Ads

നെയ്യാറ്റിൻകരയിൽ ക്ഷേത്ര മോഷണം: സിസിടിവി കണ്ടയുടൻ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു; കവർച്ചക്കാരൻ പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് (43) ആണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. പെരുമ്പഴുതൂരിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. വൈകുന്നേരം ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ക്ഷേത്രത്തിലെത്തിയ പ്രതി അവിടെ സിസിടിവി ക്യാമറയുള്ള കാര്യം ശ്രദ്ധിച്ചിരുന്നില്ല.

മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതും കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതുമായ ദൃശ്യങ്ങളിൽ ഇയാളുടെ മുഖം കൃത്യമായി പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ കണ്ടപ്പോഴേ പൊലീസ് മണിച്ചനെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.