Banner Ads

പെരുമുടിയൂരിൽ മഞ്ഞപ്പട്ടുവിരിച്ച് സൺ ഹെംപ്; പാടശേഖരങ്ങളിൽ കാഴ്ചവസന്തം

പട്ടാമ്പി: പെരുമുടിയൂരിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ ഇപ്പോൾ സ്വർണ്ണവർണ്ണത്തിലാണ്. യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ വിസ്മയമായി മാറിയിരിക്കുകയാണ് പാടശേഖരങ്ങളിൽ പൂത്തുനിൽക്കുന്ന ‘സൺ ഹെംപ്’ ചെടികൾ. ഒറ്റനോട്ടത്തിൽ വിപുലമായ പൂകൃഷിയാണെന്ന് തോന്നിക്കുമെങ്കിലും, മണ്ണിന്റെ ഫലഭൂയിഷ്ഠി വർദ്ധിപ്പിക്കാനുള്ള പ്രകൃതിദത്തമായ ഒരുക്കമാണിത്.

അടുത്ത കൃഷിയിറക്കുന്നതിന് മുന്നോടിയായി പച്ചവളം എന്ന നിലയിലാണ് പയർവർഗത്തിൽപ്പെട്ട സൺ ഹെംപ് പാടങ്ങളിൽ വിതയ്ക്കുന്നത്.മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടാൻ ഈ ചെടി സഹായിക്കുന്നു. രാസവളമായ യൂറിയ നൽകുന്ന അതേ ഗുണഫലങ്ങൾ സ്വാഭാവികമായ രീതിയിൽ മണ്ണിലെത്തിക്കാൻ ഇതിന് സാധിക്കും.നാട്ടിൻപുറങ്ങളിൽ ‘കിങ്ങിണി ചെപ്പ്’ എന്നും ‘കിലുങ്ങാംപ്പെട്ടി’ എന്നും ഇതിന് പേരുണ്ട്. ഇതിലെ മഞ്ഞപ്പൂക്കളാണ് പാടത്തിന് സ്വർണ്ണശോഭ നൽകുന്നത്.

പണ്ട് കാലങ്ങളിൽ വേനൽക്കാലത്ത് പാടങ്ങളിൽ സൺ ഹെംപ് വിതയ്ക്കുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാൽ കാലക്രമേണ ഇത് അപൂർവ്വമായി മാറി. മണ്ണിന്റെ ജൈവഗുണം വീണ്ടെടുക്കാനുള്ള ഈ പഴയകാല കൃഷിരീതി തിരികെ വരുന്നത് കർഷകർക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണകരമാണ്.

പഴമക്കാർക്ക് ഇത് ഗൃഹാതുരമായ ഓർമ്മയാണെങ്കിൽ, പുതുതലമുറയ്ക്ക് ഇതൊരു വിസ്മയ കാഴ്ചയായി മാറിയിരിക്കുകയാണ്.മികച്ച വിളവ് ലഭിക്കാനും മണ്ണിന്റെ ഫലഭൂയിഷ്ഠി നിലനിർത്താനും സഹായിക്കുന്ന ഈ ‘മഞ്ഞപ്പട’ ഇപ്പോൾ സോഷ്യൽ മീഡിയയിലുൾപ്പെടെ തരംഗമാവുകയാണ്.