Banner Ads

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം: പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം അതീവ ഗുരുതരമായി തുടരുന്നു. കുട്ടികൾക്ക് നേരെ ഉൾപ്പെടെയുണ്ടായ ക്രൂരമായ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിലായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ കുട്ടികളെല്ലാം നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചുപരിക്കേൽപ്പിച്ചത്.ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് റാഫി – ജൗഹറ ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.

മലപ്പുറത്തിന് പുറമെ പത്തനംതിട്ട, കാസർകോട് ജില്ലകളിലും സമാനമായ രീതിയിൽ കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. ജനവാസ മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.