
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ശരാശരി 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. പസഫിക് സമുദ്രത്തിലുണ്ടായ ‘എൽ നിനോ’ പ്രതിഭാസമാണ് കേരളത്തിൽ കാലവർഷം ദുർബലമാകാൻ പ്രധാന കാരണമായത്.
ജില്ലകൾ തിരിച്ചുള്ള കണക്കുകളിൽ വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത്. പ്രതീക്ഷിച്ചതിലും 54 ശതമാനം കുറവ് മഴ മാത്രമാണ് വയനാട്ടിൽ ലഭിച്ചത്. ഇടുക്കിയിൽ 47 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.മഴ കുറഞ്ഞതോടെ സംസ്ഥാനത്തുടനീളം അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്—37°C. തിരുവനന്തപുരം നഗരത്തിൽ 35.4°C ഉയർന്ന താപനില രേഖപ്പെടുത്തി.അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പ്രവചനം.