
തിരുവനന്തപുരം : സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ നിരയിലേക്ക് പുതിയ ഉൽപ്പന്നങ്ങളായ മൈദയും റവയും എത്തുന്നു. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കേജിംഗിൽ പുനരവതരിപ്പിക്കാനും തീരുമാനമായി.
ഒക്ടോബർ 31ന് വൈകിട്ട് മൂന്ന് മണിക്ക് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിപണനോദ്ഘാടനം നിർവഹിക്കും. തൃക്കാക്കര എംഎൽഎ ഉമ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിച്ച് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിനായി സപ്ലൈകോ തയ്യാറാക്കിയ ഓൺലൈൻ പരാതി പരിഹാര സംവിധാനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. 2026ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്ലൈകോ സംഘടിപ്പിച്ച ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങൾ ടി ജെ വിനോദ് എംഎൽഎ വിതരണം ചെയ്യും.
ഓണക്കാലത്ത് മികച്ച വിൽപ്പന രേഖപ്പെടുത്തിയ സപ്ലൈകോ വിൽപ്പനശാലകളിലെയും ഡിപ്പോകളിലെയും ജീവനക്കാർക്ക് കൊച്ചി മേയർ അഡ്വ മിനിമോൾ വികെ സമ്മാനങ്ങൾ നൽകും. ചടങ്ങിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വിഎം, ജനറൽ മാനേജർ എംയു ബിജു എന്നിവരും പങ്കെടുക്കും.