Banner Ads

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ച് വിധി ക്രിസ്മസ് അവധിക്ക് മുമ്പ്; ട്രാൻസ്ജെൻഡറുകളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ നിർണ്ണായക വിധി ക്രിസ്മസ് അവധിക്ക് മുമ്പുണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ ഈ സുപ്രധാന പരാമർശം.

നേരത്തെ കേസിലെ വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നു. ലക്ഷക്കണക്കിന് വിശ്വാസികൾ വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെയാണ് തെറ്റെന്ന് വിധിക്കാനാവുക എന്ന ചോദ്യം ചീഫ് ജസ്റ്റിസും വാദത്തിനിടെ ഉയർത്തിയിരുന്നു.അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡറായ അനുശ്രീ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി.

ദർശനത്തിന് സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ഇത്തരമൊരു വിഷയം എങ്ങനെയാണ് പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവുക എന്ന് കോടതി ചോദിച്ചു. ഈ വർഷം താനടക്കം 15 പേർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചതായി ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, വ്യക്തിപരമായി ബാധിച്ച വിഷയമാണെന്ന വാദം ഉന്നയിക്കുന്നതോടെ അത് പൊതുതാൽപര്യ ഹർജിയല്ലാതായി മാറുമെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, കേരളത്തിലെ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെയാണ് ഹർജി നിലനിൽക്കുകയെന്ന് ആരാഞ്ഞ കോടതി ഹർജി തള്ളുകയായിരുന്നു