Banner Ads

ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല; നിർണ്ണായക അനുമതിയും വൈകുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്ന് സൂചന. കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. എന്നാൽ, അന്വേഷണസംഘമായ എസ്.ഐ.ടിക്ക് (SIT) ഇതുവരെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.മുൻ ദേവസ്വം അധികൃതരുൾപ്പെടെ 15 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.

ഇതിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി അത്യാവശ്യമാണ്. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു, മുൻ പ്രസിഡന്റ് എ. പത്മകുമാർ എന്നിവരുൾപ്പെട്ട കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായതായി എസ്.ഐ.ടി മുൻപ് കോടതിയെ അറിയിച്ചിരുന്നു.മുൻ ദേവസ്വം ഭാരവാഹികളും സർക്കാർ ഉദ്യോഗസ്ഥരും പ്രതികളായതിനാൽ ആഭ്യന്തര, ദേവസ്വം, നിയമ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമേ പ്രോസിക്യൂഷൻ അനുമതി ലഭിക്കൂ.

എന്നാൽ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, എസ്.ഐ.ടി ഇതുവരെ ഇതിനുള്ള അനുമതി പോലും അപേക്ഷിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ മാത്രം പ്രോസിക്യൂഷൻ അനുമതി തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയായ ദ്വാരപാലക വിഗ്രഹ കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

വരുന്ന സെപ്റ്റംബർ 22-ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ കാലതാമസത്തിന് എസ്.ഐ.ടി നൽകുന്ന വിശദീകരണം നിർണ്ണായകമാകും.