Banner Ads

ശബരിമല സ്വർണക്കൊള്ള കേസ്: കടുത്ത നടപടി ഒഴിവാക്കി സി.പി.എം; പത്മകുമാറിന് സസ്‌പെൻഷൻ മാത്രം

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള എ. പത്മകുമാറിനെതിരെ കടുത്ത നടപടികൾ ഒഴിവാക്കി സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്‌പെൻഷനിൽ നടപടി ഒതുക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, നേതൃത്വം സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകൾ.കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പല പ്രമുഖരുടെയും പങ്കും മറ്റ് രഹസ്യങ്ങളും പരസ്യമാക്കുമെന്ന് പത്മകുമാർ ഭീഷണി മുഴക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

താൻ നേരിട്ട അനുഭവങ്ങളും വസ്തുതകളും ഉൾപ്പെടുത്തി ആത്മകഥ എഴുതുമെന്ന് സുഹൃത്തുക്കളോട് പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണിയാണ് കടുത്ത അച്ചടക്ക നടപടിയിൽ നിന്ന് സി.പി.എം നേതൃത്വത്തെ പിന്നോട്ട് വലിപ്പിച്ചതെന്നാണ് സൂചന.പത്മകുമാറിനെതിരെ കർശനമായ നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വലിയൊരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അഴിമതി ആരോപണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു.

ജില്ലാ സെക്രട്ടറിയേറ്റിന്റെ കർശന നിലപാടിനെത്തുടർന്നാണ് വിഷയം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചത്. എന്നാൽ, പുറത്താക്കൽ പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകാതെ സസ്‌പെൻഷൻ എന്ന മൃദുസമീപനത്തിലൂടെ തൽക്കാലം വിവാദങ്ങൾ തണുപ്പിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്.