Banner Ads

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ കയ്യേറ്റ ശ്രമം; മർദ്ദിച്ചത് ഭീരുക്കൾ, പിന്നോട്ടില്ലെന്ന് പ്രതികരണം

ജയ്പൂർ : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ജയ്പൂരിൽ വെച്ച് കയ്യേറ്റ ശ്രമം. ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് ചിലർ അദ്ദേഹത്തെ മർദ്ദിച്ചത്. ആക്രമണത്തിന് പിന്നിൽ ഭീരുക്കളാണെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.

അതേ സമയം നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബംഗളൂരു ഫ്രീഡം പാർക്കിൽ പെയ്ത കനത്ത മഴയെപ്പോലും അവഗണിച്ചാണ് നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ അണിനിരന്നത്.

അഭിജിത് ദീപ്കെയ്ക്കൊപ്പം നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, സിനിമാ താരം കിരൺ ശ്രീനിവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിന് ശേഷമാണ് സിജെപി ബംഗളൂരുവിലും പ്രക്ഷോഭം ശക്തമാക്കിയത്.

ബംഗളൂരുവിലെ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി സിജെപി പ്രവർത്തകർ കന്നഡ ചലച്ചിത്ര ഇതിഹാസം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു.