Banner Ads

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; പ്രതിഭാഗം വക്കീലിനെ സ്പെഷ്യൽ പ്ലീഡറാക്കിയതിൽ നിഗൂഢതയെന്ന് പി രാജീവ്

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച സർക്കാർ നടപടിയിൽ നിഗൂഢതയുണ്ടെന്ന് മുൻ മന്ത്രി പി രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു സർക്കാരും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് മന്ത്രിസഭയുടെ അംഗീകാരത്തോടെ നടന്നിരിക്കുന്നതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനെയാണ് ഇപ്പോൾ സർക്കാരിനും ദേവസ്വം വകുപ്പിനും വേണ്ടി വാദിക്കാൻ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചിരിക്കുന്നത്.

പ്രതിഭാഗത്തിന് വേണ്ടി വാദിച്ചയാൾ തന്നെ സർക്കാരിന്റെ വക്കീലാകുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് കോൺഗ്രസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

ഈ ഉയർന്ന രാഷ്ട്രീയ സ്വാധീനമാണോ പുതിയ നിയമനത്തിന് പിന്നിലെന്നും പി രാജീവ് ചോദിച്ചു. ഇത്രയും ഗൗരവമേറിയ കേസിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നതായിരുന്നു മുൻ സർക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് അന്ന് സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തന്നെ നേരിട്ട് ഹാജരായത്.

പ്രതിഭാഗം വക്കീലിനെത്തന്നെ പൊതുസംവിധാനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ പ്രതിഷേധം ഉയർത്തുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.