
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ശബരിമല തന്ത്രി എന്നിവരെ പ്രതിയാക്കി പ്രത്യേക അന്വേഷണസംഘം (SIT) ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ അപഹരണം മറച്ചുവെക്കാൻ പ്രതികൾ ഒത്തുകളിച്ചും ക്രിമിനൽ ഗൂഢാലോചന നടത്തിയുമെന്നാണ് എസ്.ഐ.ടി.യുടെ പ്രധാന കണ്ടെത്തൽ.
ദേവസ്വം ചട്ടങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക പാളികൾ തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് കടത്തിയത് സ്പോൺസറും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി ആസൂത്രണം ചെയ്ത വലിയൊരു പദ്ധതിയുടെ ഭാഗമായാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ബിംബങ്ങൾ 1998-ൽ വൻതോതിൽ സ്വർണ്ണം ഉപയോഗിച്ച് പൊതിഞ്ഞിരുന്നു.2019-ൽ ഈ സ്വർണ്ണപ്പാളികൾക്ക് നിറം മങ്ങിയെന്ന വ്യാജ കാരണം കാണിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഇവ ചെന്നൈയിലേക്ക് കൊണ്ടുപോയി.
പരിശോധനകൾ ഒഴിവാക്കാൻ, സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളെ വെറും ‘ചെമ്പ് പ്ലേറ്റുകൾ’ എന്ന് രേഖപ്പെടുത്തിയാണ് ദേവസ്വം ഉദ്യോഗസ്ഥർ അനുമതി സംഘടിപ്പിച്ചത്.ചെന്നൈയിൽ വെച്ച് ദ്വാരപാലകരിലെ യഥാർത്ഥ സ്വർണ്ണപ്പാളികൾ പൂർണ്ണമായി ഒഴിവാക്കി, പകരം വളരെ നേർത്ത രീതിയിൽ മാത്രം സ്വർണ്ണം പൂശി (Gold plating) തിരികെ കൊണ്ടുവന്നു. ബാക്കിവന്ന വൻതോതിലുള്ള സ്വർണ്ണം പ്രതികൾ കവരുകയായിരുന്നു. ഇത് മറയ്ക്കാൻ 4 വർഷത്തെ വാറന്റിയുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റും ചമച്ചു.എന്നാൽ 2023 ആയപ്പോഴേക്കും തട്ടിപ്പ് പുറത്തായി. മുകളിൽ പൂശിയ നേർത്ത സ്വർണ്ണം ഇളകാൻ തുടങ്ങുകയും ഉള്ളിലെ ചെമ്പ് പുറത്തു വരികയും ചെയ്തു.
സ്വർണം കവർന്നതുകൊണ്ടാണ് പാളികൾക്ക് ഈ മങ്ങൽ ഉണ്ടായതെന്ന് വ്യക്തമായി.സ്വർണ്ണം കവർന്ന വിവരം കൃത്യമായി ബോധ്യപ്പെട്ടിട്ടും അഡ്വ. പി.എസ്. പ്രശാന്ത് അധ്യക്ഷനായ ദേവസ്വം ഭരണസമിതി ഇത് പുറത്തറിയിക്കാതെ ഒളിപ്പിച്ചുവെക്കാൻ ഗൂഢാലോചന നടത്തി. തുടർന്ന് 2025-ൽ ഹൈക്കോടതിയുടെയോ ശബരിമല സ്പെഷ്യൽ കമ്മീഷണറുടെയോ യാതൊരുവിധ അനുമതിയും വാങ്ങാതെ, ദേവസ്വം മാനുവൽ കാറ്റിൽപ്പറത്തി ദ്വാരപാലക പാളികൾ വീണ്ടും ചെന്നൈയിലേക്ക് കടത്തിക്കൊണ്ടുപോയി.
തട്ടിപ്പ് പൂർണ്ണമായി മൂടിവെക്കാൻ വേണ്ടി വീണ്ടും സ്വർണ്ണം പൂശാനായിരുന്നു ഈ രഹസ്യ നീക്കമെന്നും എസ്.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുമെന്നാണ് സൂചന.