Banner Ads

ശബരിമല കട്ടിളപ്പാളി കേസ്: വിചാരണയ്ക്ക് അനുമതി തേടി എസ്ഐടി; ദേവസ്വം സെക്രട്ടറിക്ക് അപേക്ഷ നൽകി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രിൻസിപ്പൽ ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചു. അഴിമതി തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ള കേസായതിനാലാണ് ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരെയും ഭാരവാഹികളെയും വിചാരണ ചെയ്യുന്നതിനായി അനുമതി തേടിയത്.

പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതോടെ അന്വേഷണ സംഘം വിചാരണ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോകുന്നതിൽ ഹൈക്കോടതി നേരത്തെ വിമർശനമുന്നയിക്കുകയും നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകുകയും ചെയ്തിരുന്നു. കേസിൽ ആകെ 13 പേരാണ് പ്രതിപട്ടികയിലുള്ളത്.

കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടുത്തിടെ അന്തരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, ശ്യാംപ്രകാശ്, എൻ വാസു, സുധീഷ്, ബൈജു, എ പത്മകുമാർ, പങ്കജ് ഭണ്ഡാരി, ഗോവർധൻ, വിജയകുമാർ, കെ പി ശങ്കരദാസ്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരാണ് കേസിലെ പ്രതികൾ.