Banner Ads

ശബരിമല കേസ്: “വിശ്വാസമില്ലാത്തവർക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ല”; സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, വിശ്വാസവും ആചാരങ്ങളും സംബന്ധിച്ച് നിർണ്ണായക നിരീക്ഷണങ്ങൾ നടത്തി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും, അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി.യുവതി പ്രവേശനത്തിനായി ആദ്യം കോടതിയെ സമീപിച്ചവർ അയ്യപ്പ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

വിശ്വാസികളല്ലാത്തവരുടെ ഹർജികൾ കോടതി എന്തിന് കേൾക്കണമെന്നും, പ്രത്യേക അജണ്ടകളുമായി എത്തുന്ന ഇത്തരം പൊതുതാൽപര്യ ഹർജികൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും അയ്യപ്പ വിശ്വാസിയായ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.ചില ആചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.

മനുഷ്യബലി പോലുള്ള ക്രൂരമായ ആചാരങ്ങൾ നടന്നാൽ കോടതിക്ക് നേരിട്ട് ഇടപെടാം. ആചാരങ്ങൾ പൊതുസമാധാനത്തെയോ നൈതികതയെയോ ബാധിക്കുന്നുണ്ടെങ്കിൽ ഇടപെടാമെന്ന് ജസ്റ്റിസ് നാഗരത്നയും കൂട്ടിച്ചേർത്തു.മതപരമായ കാര്യങ്ങളിൽ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു പ്രത്യേക മതാചാരത്തെ മാത്രം അന്ധവിശ്വാസമായി മുദ്രകുത്താൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിത പരിജ്ഞാനം കോടതിക്കില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

ക്ഷേത്രങ്ങളിലെ പൂജാരി നിയമനം യോഗ്യതയുടെയും പാണ്ഡിത്യത്തിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇത്തരം മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രം ബെഞ്ചിനെ അറിയിച്ചു.ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്നയുടെ ശ്രദ്ധേയമായ പരാമർശങ്ങൾ ഉണ്ടായത്. കേസിൽ ഭരണഘടനാ മൂല്യങ്ങളും മതവിശ്വാസവും തമ്മിലുള്ള സന്തുലിതാവസ്ഥ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.