
തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിക്കുന്നു. പിഎസ്സി സെക്രട്ടറി സാജു ജോർജിന് ഇന്ന് നോട്ടീസ് നൽകും. നാളെ ചോദ്യം ചെയ്യും. പരീക്ഷാ കൺട്രോളർ ബിനി കെ ഏബ്രഹാം, മറ്റ് അംഗങ്ങൾ എന്നിവരെ തിങ്കളാഴ്ച മുതൽ ഹാജരാകാൻ വിളിച്ചു വരുത്തും.
അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം സെക്രട്ടറിയെ വിളിച്ചുവരുത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചെയർമാൻ ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം ചാരുന്ന തരത്തിൽ മൊഴി നൽകിയതോടെയാണ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിൽ രണ്ട് എസ്പി മാരെയും ഒരു ഡിവൈഎസ്പിയെയും കൂടി ഉൾപ്പെടുത്തി. പുതുതായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾ ഈ ഉദ്യോഗസ്ഥർക്ക് കൈമാറി. പിഎസ്സി തീരുമാനങ്ങളെല്ലാം കൂട്ടായി എടുത്തതാണെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ചെയർമാൻ എംആർ ബൈജു വ്യക്തമാക്കിയത്.
എന്നാൽ ചെയർമാൻ പല തീരുമാനങ്ങളും ഏകപക്ഷീയമായി കൈക്കൊള്ളാറുണ്ടെന്നാണ് ചില അംഗങ്ങളുടെ മൊഴി. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും ചെയർമാൻ എംആർ ബൈജുവും തമ്മിൽ വലിയ അടുപ്പത്തിലാണെന്ന് അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.
ഹരിയുടെ വസതി പൂട്ടിയ നിലയിലാണ്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. 10 പിഎസ്സി അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. അതേസമയം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ കോടതി റിമാൻഡ് ചെയ്തു.