
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പരീക്ഷാ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാൻ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് ശ്രമിക്കുന്നതായി റിപ്പോർട്ട്. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നുമാണ് സതീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ ഓഫീസിലെ ജൂനിയേഴ്സ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുന്നതെന്ന ഈ മൊഴി അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല.
കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിക്കൊണ്ട് സതീഷ് പുതിയ മൊഴി നൽകിയത്. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുകയെന്നും, അവസാന നിമിഷം തന്നെ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറഞ്ഞ് സതീഷ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്.
എന്നാൽ സതീഷിന്റെ ഈ വാദങ്ങൾ മറ്റ് സാക്ഷികൾ തള്ളിക്കളഞ്ഞു. സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും, പല പ്രാവശ്യം പരിശോധിച്ച ശേഷമാണ് ഓരോ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാറുള്ളതെന്നുമാണ് മറ്റ് സാക്ഷികളുടെ മൊഴി. പ്രതിയുടെ കമ്പ്യൂട്ടർ വിജ്ഞാനം പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.