
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പി.എസ്.സി. പരീക്ഷയിലെ ഗുരുതരമായ ക്രമക്കേടിൽ ഒടുവിൽ നടപടി. വിവാദമായ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായി പുനർമൂല്യനിർണയം നടത്താനും, സംഭവത്തിൽ വിജിലൻസ് എസ്.പി.യുടെ നേതൃത്വത്തിൽ സമഗ്രമായ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും പി.എസ്.സി. യോഗം തീരുമാനിച്ചു.
അടിസ്ഥാന ശമ്പളം തന്നെ ഒന്നേകാൽ ലക്ഷം രൂപയുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിലാണ് വലിയ അട്ടിമറി കണ്ടെത്തിയിരിക്കുന്നത്.ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷന് ചീഫ് പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന് ചീഫ് 2023 ജൂലൈ 13-നായിരുന്നു ഈ തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷ നടന്നത്. ആകെ 228 പേർ പരീക്ഷ എഴുതിയിരുന്നു.
തുടർന്ന് 2025 മെയ് 31-നാണ് ഇതിന്റെ റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത്.ഇതിനിടെ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് തസ്തികയിൽ ഒന്നാം റാങ്ക് നേടിയ ഇടതു സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായ അരുൺ ജെ. പ്രതാപിനെ കഴിഞ്ഞ വർഷം നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ലഭിച്ച മാർക്കിൽ വലിയ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ തന്റെ ഒറിജിനൽ ഉത്തരക്കടലാസ് (Answer Script) ആവശ്യപ്പെട്ട് പി.എസ്.സി.യെ സമീപിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.ഡിജിറ്റൽ മൂല്യനിർണയമായ ‘ഓൺ സ്ക്രീൻ മാർക്കിംഗിൽ’ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ ഒന്നുപോലും നോക്കാതെ മാർക്കിടാതെ ഒഴിവാക്കിയതായി ശ്യാം കൃഷ്ണൻ കണ്ടെത്തി. തുടർന്ന് ഇദ്ദേഹം പി.എസ്.സി.ക്ക് ഔദ്യോഗികമായി പരാതി നൽകി.
ശ്യാം കൃഷ്ണന്റെ പരാതിയെ തുടർന്ന് പി.എസ്.സി. നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പരീക്ഷ എഴുതിയ 228 ഉദ്യോഗാർത്ഥികളുടെയും ഉത്തരക്കടലാസുകളിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ പൂർണ്ണമായി ഒഴിവാക്കിയതായാണ് കണ്ടെത്തിയത്. സംഭവം വൻ വിവാദമായതോടെയാണ് ഇപ്പോൾ പരീക്ഷാ നടപടികൾ അടിയന്തരമായി പുനഃപരിശോധിക്കാനും ആഭ്യന്തര അന്വേഷണം നടത്താനും പി.എസ്.സി. നിർബന്ധിതരായത്.